‘ഒരു ഡയറി മിൽക്കും വാങ്ങി ഞാൻ ആദ്യമായി കാണാൻ പോയ ആ ചേച്ചിയാണ് ഞങ്ങളുടെ നായിക’: ഹൃദയംതൊട്ട് ജെനിത് കാച്ചപ്പിള്ളിയുടെ കുറിപ്പ്
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ‘അമ്മ സാന്നിധ്യമായിമാറിയ താരമാണ് സേതുലഷ്മി. ഇപ്പോഴിതാ സേതുലക്ഷ്മി അഭിനയിച്ച പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ താരക്കുറിച്ച് വാചാലനാകുകയാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മറിയം വന്ന് വിളക്കൂതി. ചിത്രത്തിലെ മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സേതുലക്ഷ്മിയാണ്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്നറാണ് ‘മറിയം വന്ന് വിളക്കൂതി’.
ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്.
ജെനിത് കാച്ചപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
മറിയം വന്ന് വിളക്കൂതിയുടെ കഥ ആദ്യമായി സേതുലക്ഷ്മി ചേച്ചിയുടെ അടുത്ത് പറയാൻ പോകുന്നത് ഒരു ഡയറി മിൽക്കും വാങ്ങിച്ചിട്ടാണ്. അത് എന്തിനാണ് എന്ന് ചോദിച്ചാ എന്തോ എനിക്ക് അങ്ങനെ തോന്നി. എനിക്ക് ചേച്ചി ഒരു മുത്തശ്ശി ഫീൽ ആണ്. കഥാപാത്രങ്ങളിലൂടെ തന്നെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് ഒക്കെയാണ് മെഗാ മീഡിയയിൽ വെച്ച് ആദ്യമായി കഥ പറയാൻ പോകുമ്പോ ഒരു ഡയറി മിൽക്ക് വാങ്ങി കയ്യിൽ കരുതിയത്. കഥ പറയുന്ന സമയത്ത് മറിയാമ്മയുടെ ഓരോ ഡയലോഗും ഞാൻ കഥ പറയുന്ന കൂടെ തന്നെ പറഞ്ഞു നോക്കുന്ന ആ ഡെഡിക്കേഷൻ കണ്ട് വലിയ സന്തോഷം തോന്നിയിട്ടുണ്ട്. നാടക കാലഘട്ടങ്ങളിൽ നിന്നേയുള്ള ചേച്ചിയുടെ ശീലം ആയിരിക്കണം. സെറ്റിലും കഴിയുമ്പോഴൊക്കെയും ഡയലോഗ് ഉരുവിട്ട് നടക്കുന്ന ചേച്ചിയെ ആണ് കണ്ടിട്ടുള്ളത്. അത് കാണുമ്പോ ഒരു സംവിധായകൻ എന്ന നിലയിൽ വലിയ സന്തോഷം തോന്നും.
വരുമ്പോഴും പോകുമ്പോഴും കൃത്യമായി സംവിധായകന്റെ, ക്യാമറയുടെ അടുത്ത് വന്ന് വരുന്നതും പോകുന്നതും അറിയിക്കുന്ന, ഇപ്പോഴും മക്കളുടെ മക്കളുടെ പ്രായമുള്ള സംവിധായകൻ ആണെങ്കിലും സർ എന്ന് വിളിച്ചു പോകുന്ന, സ്നേഹത്തോടെ ഞാനൊക്കെ ആ വിളി തിരുത്തിയിട്ടുള്ള, അത്രയേറെ പ്രിയപ്പെട്ട സേതുലക്ഷ്മി ചേച്ചി. ആ ചേച്ചിയാണ് ഞങ്ങളുടെ നായിക. മൂന്ന് വർഷത്തോളം പരന്നു കിടന്ന ഈ സിനിമയുടെ അധ്വാനത്തിന്റെ ചരിത്രത്തിൽ ഓരോ തവണ ഓരോ ആവശ്യത്തിന് വിളിക്കുമ്പോഴും പ്രായത്തിന്റെയും യാത്രയുടെയും ബുദ്ധിമുട്ടുകൾക്ക് ഇടയിലും ഓടി വന്നിട്ടുള്ള, ലേറ്റ് നൈറ്റ് ഷൂട്ട് പോയി ഞങ്ങൾ ബുദ്ധിമുട്ടിച്ചിട്ടുള്ള ഞങ്ങളുടെ മറിയാമ്മ ജോർജ്.
ചേച്ചി ഇടയ്ക്ക് വിളിക്കും എന്നിട്ട് ചോദിക്കും “പടം നന്നായിട്ട് വന്നിട്ടുണ്ടോ മക്കളേ?”. ഞാൻ നന്നായി വന്നിട്ടുണ്ട് എന്ന് പറയുമ്പോ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിക്കും.
ഈ അടുത്ത് പ്രോമോ സോങ്ങിന്റെ ഷൂട്ടിന് വന്നപ്പോൾ ചേച്ചി കൂടെ ഉള്ള ഒരാളോട് പറഞ്ഞു. “അന്നൊക്കെ എന്നെ വിടാൻ വൈകുമ്പോൾ ഞാൻ അവനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാലും അവന്റെ 3 വർഷമായുള്ള അധ്വാനം എനിക്ക് അറിയാം. അവനത് വിട്ടില്ലല്ലോ. അവൻ വിജയിക്കും”…
ഈ 31 ന് അതായത് മറ്റന്നാൾ മറിയം വന്ന് വിളക്കൂതി റിലീസ് ആണ്. ചേച്ചിയുടെ വാക്കുകൾ പൊന്നാകട്ടെ…