‘റാന്നിയിൽ ഒരു കാര്യം നടക്കുമ്പോൾ നമ്മൾ സഹകരിക്കാതെ ഇരിക്കുമോ’- ഷൂട്ടിങ്ങിനിടയിൽ സന്തോഷിപ്പിച്ച റാന്നിക്കാരുടെ സ്നേഹത്തെക്കുറിച്ച് അജു വർഗീസ്
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തി ഇന്ന് മലയാള സിനിമയിൽ ഒഴിവാക്കാനാകാത്ത ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് അജു വർഗീസ്. അഭിനയത്തിന് പുറമെ നിർമാണത്തിലേക്കും താരം കടന്നു കഴിഞ്ഞു. ഇപ്പോൾ അജു വർഗീസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ ഷൂട്ടിംഗ് റാന്നിയിൽ പൂർത്തിയായിരിക്കുകയാണ്.
അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വർഗീസ് വീണ്ടും നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. റാന്നിയിലെ ഷൂട്ടിംഗ് കഴിഞ്ഞതിനു പിന്നാലെ ആ നാടിനെക്കുറിച്ചും നാട്ടുകാരെ കുറിച്ചും ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്.
ഫേസ്ബുക്ക് കുറിപ്പ്;
സാജൻ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയിൽ ഞങ്ങൾ ചെന്നപ്പോൾ കേൾക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു-സാർ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട് ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകൾ ഉണ്ട്. അവിടുത്തെ ആൾക്കാർക്കും. വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യർ, 80-100 വർഷം പഴക്കം ചെന്ന വിദ്യാലയങ്ങൾ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ ടെക്സ്ചർ വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് പ്രകൃതിയുമായി ഇണങ്ങി കോ-എക്സിസ്റ്റ് ചെയ്ത് ജീവിക്കാൻ പഠിച്ച മനുഷ്യർ ജീവിക്കുന്ന ഒരു ലാൻഡ്സ്കേപ്പ് ആണ് റാന്നി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ് എന്നുള്ള രീതിയിൽ ഈ നാടിനെ അപ്രോച്ച് ചെയ്യരുത് എന്നു തോന്നി. ഹോട്ടൽ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടിൽ ആരുന്നു ഞങ്ങളുടെ താമസം. ഞാൻ, സംവിധായകൻ അരുൺ ചന്ദു, ADs, കൺട്രോളർ, എല്ലാരും കൂടി ഒരു വീട്ടിൽ, സീനുകൾ ഞങ്ങൾ അവിടെ ഇരുന്നു ഇമ്പ്രോവൈസ് ചെയ്യാൻ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്. ഒടുക്കം റാന്നി വിട്ടുപോരുമ്പോൾ ഒരുപാട് സൗഹൃദങ്ങൾ, ചിരികൾ, ആശിർവാദങ്ങൾ ഞങ്ങൾ ചേർത്തുപിടിക്കുന്നു. “ഓ നിങ്ങൾ എന്നാന്നു വെച്ചാ അങ്ങ് ചെയ്, റാന്നിയിൽ ഒരു കാര്യം നടക്കുമ്പോ നമ്മൾ സഹകരിക്കാതെ ഇരിക്കുമോ “.. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകൾ.
വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീർന്നു. ഈ ചാർട്ട് പ്രകാരം റാന്നിയിൽ സാജൻ ബേക്കറി -ടെ ഷൂട്ടിംഗ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു.
Read More:‘അപ്പായിയുടെ സിനിമ കാണാൻ ഇസുക്കുട്ടൻ എത്തിയപ്പോൾ’- ഇസഹാക്കിന്റെ ആദ്യ ബിഗ് സ്ക്രീൻ കാഴ്ച
അരുൺ ചന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം രഞ്ജിത മേനോൻ ആണ് നായിക. ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്മ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും നിർമിക്കുന്ന ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’.