പ്രണയകഥയുമായി അക്ഷയ് കുമാറും ധനുഷും സാറ അലിഖാനും
ബോളിവുഡിൽ മൂന്നാം അങ്കത്തിനൊരുങ്ങി ധനുഷ്. ഇത്തവണ അക്ഷയ് കുമാറിനും സാറ അലിഖാനും ഒപ്പമാണ് ധനുഷ് എത്തുന്നത്. ‘രാഞ്ജന’, ‘ഷമിതാഭ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് അഭിനയിക്കുന്നത് ‘അത്രൻഗി രേ’ എന്ന ചിത്രത്തിലാണ്.
ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ആനന്ദ് എൽ റായിയും അക്ഷയ് കുമാറും ടി സീരിസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സാറ അലി ഖാനും ധനുഷുമാണ് ചിത്രത്തിൽ ജോഡിയായി എത്തുന്നത്. ഒരു സ്പെഷ്യൽ വേഷത്തിലാണ് അക്ഷയ് കുമാർ. ആനന്ദ് എൽ റായിക്കും ധനുഷിനുമൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നതിൽ വളരെ സന്തുഷ്ടനാണ് എന്ന് അക്ഷയ് കുമാർ പറയുന്നു.
ധനുഷ്- സാറ കോംബോ ഒരു പുതുമയായിരിക്കും പ്രേക്ഷകർക്ക്എന്നാണ് സംവിധായകൻ ആനന്ദ് എൽ റായ് പറയുന്നത്. 2021 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സാറ അലി ഖാന്റെ ‘ലൗ ആജ് കൽ’ ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യും. അക്ഷയ് കുമാർ ഇപ്പോൾ പൂർത്തിയാക്കിയത് ‘സൂര്യവൻഷി’ ആണ്. മാർച്ചിലാണ് ചിത്രത്തിന്റെ റിലീസ്. പിന്നീട് ‘പൃഥ്വിരാജ് ചൗഹാൻ’, ‘ബച്ചൻ പാണ്ഡെ’, ‘ബെൽ ബോട്ടം’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലേക്ക് ചേക്കേറും.