ഇതാണ് നമ്മുടെ യഥാർത്ഥ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5. 25’. ചിത്രത്തിലെ സൗബിന്റെയും സുരാജിന്റെയും അഭിനയത്തിന് പുറമെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത് ഹ്യൂമനോയ്ഡ് തന്നെയാണ്. ആദ്യാവസാനം ചിരി നിറച്ച ചിത്രത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ കുഞ്ഞപ്പനും നിറഞ്ഞ കൈയടിയാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.
ഓരോ ചലനങ്ങളിലും ഏറെ മികവ് പുലർത്തിയ ഈ കുഞ്ഞപ്പനെ വെള്ളിത്തിരയിൽ വിസ്മയമാക്കിയത് സൂരജ് തേലക്കാടാണ്. മുഖം കാണിക്കാതെ ഒരു സിനിമയുടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
കോമഡി സ്കിറ്റുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ താരമാണ് സൂരജ് തേലക്കാടൻ. സൗബിനൊപ്പം അമ്പിളി എന്ന ചിത്രത്തിലും സൂരജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച സൗബിൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. വികൃതി എന്ന ചിത്രത്തിന് ശേഷം താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.
അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.