രാജീവ് രവി ചിത്രത്തില്‍ നായകനാകാന്‍ ആസിഫ് അലി

January 11, 2020

മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശ്‌സ്ത സംവിധായകന്‍ രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന അടുത്ത ചിത്രത്തില്‍ നായകനായെത്തുന്നതും ആസിഫ് അലിയാണ്. ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവിയുടേതെന്നും ഇതൊരു പോലീസ് സര്‍വൈവല്‍ കഥയാണെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് അലി അടുത്തിടെ പറഞ്ഞിരുന്നു. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉത്തരേന്ത്യ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് സൂചന.

അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക. നിവിന്‍ പോളിയാണ് തുറമുഖത്തിലെ നായകന്‍. കൊച്ചിയിലെ തുറുമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നിരവധി താരനിരകളെ അണിനിരത്തിയാണ് ‘തുറുമുഖം’ ഒരുക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തുറമുഖത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമയൊരുങ്ങുന്നതെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.

രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്.