‘ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും, സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചുവരവായിരിക്കും ഈ സിനിമ’; പുതിയ ചിത്രത്തെക്കുറിച്ച് ഭാഗ്യ ലക്ഷ്മി
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയതാരങ്ങളായ ശോഭനയും സുരേഷ് ഗോപിയും. അനൂപ് സത്യന് സംവിധാനം നിര്‍വഹിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ദുല്‍ഖര്‍ സല്മാന് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ശോഭനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് ഭാഗ്യലക്ഷ്മിയാണ്. ചിത്രത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു. ശോഭന ഇപ്പോഴും എന്തൊരു സുന്ദരിയാണെന്നും സുരേഷ് ഗോപിയുടെ മികച്ച തിരിച്ചുവരവാണ് ഈ ചിത്രമെന്നും ഭാഗ്യലക്ഷ്മി കുറിപ്പില്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. സംവിധായകന് അനൂപ് സത്യന്…(സത്യന് അന്തിക്കാടിന്റെ മകന്)
നാല്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്പോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വ്വമാണ്..മൈക്കിന് മുമ്പില്‍ നില്ക്കുമ്പോള് ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ..പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകന് അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്… അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരേ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..
കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു..സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..
ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ…നമ്മള് അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..
നല്ലൊരു സിനിമ..
അതേസമയം 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.
2016ല്‍ വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.