ആസിഡ് ആക്രമണത്തിന് ഇര, ഇല്ലായ്മയിൽ നിന്നും ചാരിറ്റി പ്രവർത്തനം: ലിസിക്ക് സ്നേഹവീടൊരുക്കി നാട്ടുകാർ
ഇല്ലായ്മയിൽ നിന്നും ഒരംശം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കാൻ ലിസി മറക്കാറില്ല… വർഷങ്ങൾക്ക് മുമ്പ് സ്വത്ത് തർക്കത്തെതുടർന്ന് പ്രിയപ്പെട്ടവർ മുഖത്ത് ആസിഡ് ഒഴിച്ചപ്പോൾ, കിട്ടിയ ട്രെയിനിൽ കയറി രക്ഷപെട്ടതാണ് ലിസി എന്ന യുവതി. കേരളത്തിൽ എത്തപ്പെട്ട ലിസി പിന്നീട് ചെരുപ്പ് തുന്നൽ ഉപജീവനമാർഗമാക്കി മാറ്റി. വർഷങ്ങളായി റോഡരികിൽ കിടന്നുറങ്ങിയിരുന്ന ലിസിയ്ക്ക് വീടൊരുക്കിയിരിക്കുകയാണ് അവിടുത്തെ നാട്ടുകാർ.
“ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു. രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി. അവസാനം പേരാമ്പ്രക്കാരിയായി മാറിയ ലിസിക്ക് സ്കൂൾ വിദ്യാർത്ഥികളും പേരാമ്പ്രയിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.”