കൊറോണ വൈറസ്: ചൈനയിൽ മരണം 132, വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നീക്കം ശക്തം
കൊറോണ വൈറസ് ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി. 6000- ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ചൈനയിലെ വൈറസ് ബാധിത മേഖലയായ വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ ശക്തമായി നടക്കുന്നുണ്ട്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം വൈറസ് പടരുന്ന മേഖലകളിൽ നിന്നും മറ്റ് രാജ്യങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിനോട് ചൈന ഇപ്പോഴും വിമുഖതയാണ് കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഒഴിപ്പിക്കലിന് എതിരാണെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വൈഡോങ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ചൈനയിൽ നിന്നും 206 പൗരന്മാരെ ജപ്പാൻ ഇതിനോടകം ഒഴിപ്പിച്ചുകഴിഞ്ഞു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 250 ഓളം കുട്ടികൾ വുഹാനിൽ കുടുങ്ങികിടപ്പുണ്ട്.
Read also: ചുമ മുതൽ ന്യൂമോണിയ വരെ: കൊറോണ വൈറസ്
അതേസമയം ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തില്‍ എത്തിയവര്‍ നിര്‍ബന്ധമായും എടുക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവർ ആദ്യ 28 ദിവസം പൊതുസമൂഹവുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. വീട്ടിൽ ഉള്ളവരുമായും പരമാവധി സമ്പർക്കം ഒഴിവാക്കുക. അറ്റാച്ചഡ് ബാത്റൂം ഉള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിൽ കഴിയുക. സ്വന്തമായി തോർത്ത്, വസ്ത്രം, ബഡ്ഷീറ്റ്, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. വീടുകളിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക.