സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് ചിത്രീകരണത്തിനിടെ പരിക്ക്

January 7, 2020

സിനിമാ ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്. ആലപ്പുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന വരയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് പരിക്കേറ്റത്. ബോട്ടില്‍ നിന്നും ചാടുമ്പോള്‍ പരിക്ക് ഏല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.

സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രമാണ് ‘വരയന്‍’. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമചന്ദ്രന്‍ എ ജിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഒരു വൈദികന്റെ കഥാപാത്രത്തെയാണ് ജൂഡ് ആന്റണി അവതരിപ്പിക്കുന്നത്.

‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വരയന്‍’.

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.