മൂന്ന് ചിത്രങ്ങൾ, മൂന്ന് സംവിധായകർ; ഇത് ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ഓരോ സംവിധായകരും അവരുടെ ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുന്നത്. അന്വേഷണം, ഗൗതമന്റെ രഥം, മറിയം വന്ന് വിളക്കൂതി എന്നീ മൂന്ന് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ഈ സംവിധായകരും. മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നതും.
അതേസമയം റിലീസിന് മുൻപ് ചിത്രങ്ങളെക്കുറിച്ച് പറയുന്ന മൂന്ന് സംവിധായകരുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മറിയം വന്ന് വിളക്കൂതി എന്ന ജെനിതിന്റെ സിനിമയെക്കുറിച്ച് പ്രശോഭ് വിജയനും പ്രശോഭിന്റെ അന്വേഷണത്തെക്കുറിച്ച് ആനന്ദും ആനന്ദ് സംവിധാനം ചെയ്ത ഗൗതമന്റെ രഥത്തെക്കുറിച്ച് ജെനിത് കാച്ചാപ്പിള്ളിയുമാണ് സംസാരിച്ചത്.
മറിയം വന്ന് വിളക്കൂതി
വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് മറിയം വന്ന് വിളക്കൂതി. റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.
അന്വേഷണം
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം. ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഗൗതമന്റെ രഥം
നീരജ് മാധവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഗൗതമിന്റെ രഥം. ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നതും ആനന്ദ് മേനോൻ തന്നെ. സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് നാനോ കാർ ആണെന്നത് ഏറെ കൗതുകമുണർത്തുന്നുണ്ട്. കെ ജി അനിൽ കുമാറും പൂനം റഹീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.