ഇത് കാരുണ്യത്തിന്റെ കളി; ധനരാജിന്റെ കുടുംബത്തിന് 5.6 ലക്ഷം രൂപ നൽകി ഗോകുലം കേരള എഫ് സി
വീറും വാശിയും നിറഞ്ഞ കളിക്കളത്തിലെ പ്രകടനത്തിന് ശേഷം കാരുണ്യത്തിന്റെ മുഖവുമായാണ് ഗോകുലം കേരള എഫ് സി കളിക്കളത്തിന് പുറത്തെത്തിയത്. അടുത്തിടെ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച മുൻ കേരള താരം ആർ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള പോരാട്ടമായിരുന്നു കേരള എഫ് സി താരങ്ങളുടേത്. കാരുണ്യത്തിന്റെ ഈ കളിയിൽ വിജയം ഗോകുലത്തിനൊപ്പമായിരുന്നു.
ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി– ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തിന് ശേഷം ലഭിച്ച തുക ധനരാജിന്റെ കുടുംബത്തിന് കൈമാറി. 5,60,350 രൂപയാണ് കുടുംബത്തിന് കൈമാറിയത്.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ മത്സരത്തിന്റെ 38-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിനായ് വിജയഗോൾ നേടിയത്.
എട്ട് കളിയിൽ നിന്ന് നാലു ജയം കുറിച്ച ഗോകുലം എഫ് സി ഇതോടെ 13 പോയിന്റു നേടി നാലാം സ്ഥാനത്താണ്.