ഇന്ത്യ- ന്യൂസിലാൻഡ് ടി- 20 യ്ക്ക് മണിക്കൂറുകൾ മാത്രം; ന്യൂസിലൻഡുകാരെ കാണുമ്പോൾ പകരം വീട്ടാൻ തോന്നില്ലെന്ന് ഇന്ത്യൻ നായകൻ
ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് കൊടിയേറും. ഓക്ലന്‍ഡില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 .30 നാണ് മത്സരം ആരംഭിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം ന്യൂസിലൻഡിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ പകരം വീട്ടണമെന്ന് കരുതിയാലും താരങ്ങളെ കാണുമ്പോൾ അങ്ങനെ തോന്നില്ലെന്ന് ഇന്ത്യൻ നായകൻ വീരാട് കോലി അറിയിച്ചു. പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം അറിയിച്ചത്.
“പകരം വീട്ടണമെന്ന് മനസ്സിൽ ഉറപ്പിച്ച് കളിക്കളത്തിൽ ഇറങ്ങിയാലും അങ്ങനെ ചെയ്യാൻ കഴിയാത്തവിധത്തിലാണ് ന്യൂസിലൻഡുകാർ പെരുമാറുക. അവരുമായി കളിക്കളത്തിന് പുറത്തും നല്ല ബന്ധമാണ്. കളിക്കളത്തിൽ പരമാവധി വാശിയോടെ വേണം ഇറങ്ങാൻ. രാജ്യാന്തര ക്രിക്കറ്റിൽ എങ്ങനെ കളിക്കണമെന്ന് തെളിയിച്ചവരാണ് ന്യൂസിലൻഡുകാർ. ഇത് ഞാൻ ഇംഗ്ലണ്ടിൽ വച്ചുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ കളിയിലേയും, ഓരോ പന്തിലുംവരെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കുന്ന ടീമാണ് ന്യൂസിലൻഡ്.” കോലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി-20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടി-20യില്‍ ഇരുടീമുകളും കളത്തിൽ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകരും.
ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലേകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.