ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്നു; ‘വെള്ളം’ ഉടൻ
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് വെള്ളം. വെള്ളത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും പ്രജേഷ് സെൻ തന്നെയാണ്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ വൈറലായിരുന്നു. ചിത്രത്തിൽ ജയസൂര്യയുടെ നായികയായി എത്തുന്നത് സംയുക്ത മേനോൻ ആണ്. ‘തീവണ്ടി’, ‘ലില്ലി’, ‘കല്‍ക്കി’, ‘എടക്കാട് ബറ്റാലിയന്‍- 06’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രം കൂടിയാണ് വെള്ളം.
മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ക്യാപ്റ്റന്‍. ഫുട്‌ബോള്‍ നായകന്‍ വി പി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു.
ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രവും മികച്ചതായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം ജയസൂരിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അന്വേഷണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. ഫാമിലി ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം തയാറാക്കുന്നത്.
അതേസമയം ജയസൂര്യ നായകനായെത്തുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇത്. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിർമാണം. ഇന്ദ്രൻസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.
ജയസൂര്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് തൃശൂർ പൂരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും.