“അഭിനയിക്കാന്‍ വന്ന ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ്, ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നു”: ബാലു-എലീന പ്രണയത്തെക്കുറിച്ച് ലാല്‍ ജൂനിയര്‍
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ച് കയ്യടി നേടാറുള്ള ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ചലച്ചിത്ര താരങ്ങളായ ബാലു വര്‍ഗീസിന്റെയും എലീനയുടെയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിരവധി താരങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി.
വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ സംവിധായകനും നടനുമായ ലാല്‍ ജൂനിയര്‍(ജീന്‍ പോള്‍ ലാല്‍) പറഞ്ഞ വാക്കുകളില്‍ ബാലുവിന്റെയും എലീനയുടെയും പ്രണയം നിറഞ്ഞു നില്ക്കുന്നു. ” ശരിക്കും രണ്ടുപേരുടെയും കല്യാണം സ്പോണ്സര് ചെയ്തിരിക്കുന്നത് ഞാനാണെന്ന് പറയാം. എന്റെ രണ്ടാമത്തെ സിനിമയായ ‘ഹായ് ഐആം ടോണി’യില്‍ അഭിനയിക്കാന്‍ ബാലുവിനെ വിളിച്ചിരുന്നു. അവന്റെ ജോഡിയായി എലീനയെയും വിളിച്ചു. സ്കൂളില്‍ എലീന എന്റെ ജൂനിയര്‍ ആയിരുന്നു. അങ്ങനെ അഭിനയിക്കാന്‍ വന്ന ഒരു രാത്രി ഇവരെ ഒരുമിച്ച് കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നത്”. ലാല്‍ ജൂനിയറിന്റെ വാക്കുകള്‍ നിറഞ്ഞ ചിരിയോടെ ബാലുവും എലീനയും ഏറ്റെടുത്തു. കയ്യടികളോടെ ചടങ്ങിലെത്തിയവരും.
ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസിന്റെ ചലച്ചിത്ര പ്രവേശനം. ‘ഹണീ ബി’, ‘കിങ് ലയര്‍’, ‘കവി ഉദ്ദേശിച്ചത്’, ‘ഇതിഹാസ’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ എലീന കാതറിന് മോഡലിങ് രംഗത്തും സജീവമാണ്. ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തിയ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ എലീനയും ബാലു വര്‍ഗീസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.