രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി ‘കറാച്ചി 81’; പൃഥ്വിരാജും ടൊവിനോയും കേന്ദ്ര കഥാപാത്രങ്ങള്‍
മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കറാച്ചി 81’ എന്നാണ് ചിത്രത്തിന്റെ പേര്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി. രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം കെ എസ് ബാവയാണ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം. സുജിത് വാസുദേവ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകന്‍. മഹോഷ് നാരായണനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകളും കഴിഞ്ഞ ദിവസം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താരം പങ്കുവെച്ച കുറിപ്പിലെ വിവരങ്ങള്‍: ”1947 ലെ കാശ്മീര്‍ യുദ്ധത്തിനു ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ ഇന്ത്യാ രാജ്യത്ത് സീരീസ് ആക്രമണത്തിന് പദ്ധതിയിടുന്നു.
സീരീസ് ആക്രമണം ആരംഭിച്ച എസ്എസ്‌ഐയെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്കു കിഴക്കന്‍ സന്നാഹത്തിനുപോലും സാധിക്കാതെ വരുന്നു. അടുത്തത് എന്ത് എന്ന ചോദ്യം ഉയര്‍ന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച കൗണ്ടര്‍ ഇന്‍സര്‍ജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. മറ്റുള്ളവര്‍ക്ക് അസാധ്യമായത് ഇവര്‍ക്ക് ചെയ്യാനാകും. അങ്ങനെ സാറ്റ്‌ലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ഒരുകൂട്ടം ആളുകളും ഒരു സ്ത്രീയും ആ സാഹചര്യത്തെ നേരിട്ടു, ഇന്ത്യയെ സുരക്ഷിതമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥ.”