സുരേഷ് ഗോപി നായകനായി പുതിയ ചിത്രം; ‘കാവല്‍’ ഒരുങ്ങുന്നു
ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് പുറമെ മറ്റൊരു ചിത്രംകൂടി സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘കാവല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.’എന്നു കുറിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും സുരേഷ് ഗോപി പങ്കുവെച്ചു. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജോബി ജോര്‍ജാണ് നിര്‍മാതാവ്.
2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷംതന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം സുരേഷ് ഗോപി പ്രധാന കഥാപാത്രമായെത്തുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്. ശോഭന, കല്യാണി പ്രിയദര്ശന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് വരനെ ആവശ്യമുണ്ട്.