കൊലപാതകങ്ങള്‍ ഇരുള്‍ വീഴ്ത്തിയ മനുഷ്യ ജീവിതങ്ങളുടെ നേരവതരണവുമായി ‘കൂടത്തായി’, ഇന്നു മുതല്‍ രാത്രി 9.30 ന് ഫ്ളവേഴ്‌സില്‍
കേരളത്തെ ഉലച്ച കൂടത്തായി കൊലപാതക പരമ്പരയുടെ നേര്‍സാക്ഷ്യം പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ‘കൂടത്തായി’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഇന്ന് മുതല്‍ എല്ലാ ദിവസവും രാത്രി 9.30 ന് പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്നു.
വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ടാസ്വദിക്കുന്ന ക്രൈം ത്രില്ലറുകളുടെ സാമ്യത്തോടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയം സമ്മാനിക്കുകയാണ് ‘കൂടത്തായി’ എന്ന ചലച്ചിത്ര പരമ്പര. ഗിരീഷ് കോന്നിയാണ് ചലച്ചിത്ര പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ളവേഴ്‌സ് എംഡി ആര്‍ ശ്രീകണ്ഠൻ നായരുടെ കരുത്താര്‍ന്ന തിരക്കഥ ചലച്ചിത്ര പരമ്പരയുടെ മാറ്റു കൂട്ടുന്നു.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതക പരമ്പരയാണ് കൂടത്തായി. ജോളി എന്ന സ്ത്രീയുടെ ക്രൂര വിനോദത്തിന് ഇരയായത് വൃദ്ധയായ അന്നമ്മ മുതല്‍ രണ്ട് വയസ്സുകാരി ആല്‍ഫൈന്‍ വരെ. സയനൈഡ് കലര്‍ത്തിയ ഭക്ഷണത്തിലൂടെ ജോളി കൊന്നൊടുക്കിയത് ആറ് പേരെ… മനസാക്ഷിയെ മരവിപ്പിച്ച ഈ കൊലപാതക പരമ്പരയുടെ പച്ചയായ അവതരണമാണ് കൂടത്തായി എന്ന ചലച്ചിത്ര പരമ്പര.
ജോളിയുടെ ഭര്‍ത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ , അന്നമ്മയുടെ സഹോദരന്‍ മാത്യു എന്നിവരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഇതാണ് കൂടത്തായി കൊലപാതക പരമ്പര.
ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടര്‍ന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബര്‍ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈന്‍ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടര്‍ന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.