കൂടത്തായി സീരിയൽ സംപ്രേഷണം തുടരാം; കേസിൽ ഫ്‌ളവേഴ്‌സ് ടിവിയ്ക്ക് വിജയം

August 7, 2020

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കൂടത്തായി സീരിയൽ ചിത്രീകരണം ഇനി തുടരാം. സീരിയൽ സംപ്രേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. കൂടത്തായി സ്വദേശി മുഹമ്മദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസിലെ ഒന്നാം സാക്ഷിയാണ് മുഹമ്മദ്.

കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പരമ്പരയ്ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു മുഹമ്മദ്. സീരിയില്‍ സംപ്രേഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മുഹമ്മദ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം ഹൈക്കോടതി ഉത്തരവ് വന്നതോടെ പരമ്പരയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാം. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ട്. 

വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ടാസ്വദിക്കുന്ന ക്രൈം ത്രില്ലറുകളുടെ സാമ്യത്തോടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയം സമ്മാനിച്ചതാണ് ‘കൂടത്തായി’ എന്ന ചലച്ചിത്ര പരമ്പര. എല്ലാ ദിവസവും രാത്രി 9.30 നായിരുന്നു ഈ പരമ്പര. ഗിരീഷ് കോന്നിയാണ് ചലച്ചിത്ര പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ളവേഴ്‌സ് എംഡി ആര്‍ ശ്രീകണ്ഠൻ നായരുടെ കരുത്താര്‍ന്ന തിരക്കഥയിലാണ് ചലച്ചിത്ര പരമ്പര ഒരുങ്ങിയത്.

Story Highlights: flowers can broadcast koodathayi serial