പോലീസ് ഓഫീസറായി കുഞ്ചാക്കോ; പുതിയ ചിത്രം ഒരുങ്ങുന്നു

January 15, 2020

വെള്ളിത്തിരയിൽ അഭിനയവിസ്‌മയം സൃഷ്ടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സിവിൽ പോലീസ് ഓഫീസറായി താരം വേഷമിടുന്ന ചിത്രത്തിൽ പ്രവീൺ മിഖായേൽ എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര് എന്നാണ് സൂചന. താരം തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോലഞ്ചേരിയിലാണ് ആദ്യഘട്ട ഷൂട്ടിങ്. ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലുംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം സിനിമയുടെ പേര് പുറത്തെത്തിയിട്ടില്ല. കോലഞ്ചേരിക്ക് പുറമെ, കൊടൈക്കനാല്‍, മൂന്നാര്‍, വട്ടവട, അടിമാലി എന്നിവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

👮🏽‍♂️PRAVEEN MICHAEL👮🏽‍♂️Civil Police Officer….Reporting for Martin Prakkat-Shahi Kabir(✍🏼Joseph Fame) movie.With Buddy Joju & Nimishakutty🤗🤗.A Ranjiyettan, Goldcoin Production🎬

Posted by Kunchacko Boban on Tuesday, 14 January 2020