ഒരു ഓവർ ആറ് സിക്സ്; ലിയോ കാർട്ടർക്ക് അഭിനന്ദന പ്രവാഹം

ആറു ബോളിൽ ആറു സിക്സർ… ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വളരെ സുപരിചിതമാണ് ഈ നേട്ടമെങ്കിലും, ക്രിക്കറ്റ് ലോകത്ത് അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത് സംഭവിക്കാറുള്ളു. ഇപ്പോഴിതാ ഈ നേട്ടം കൈവരിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് താരം ലിയോ കാർട്ടർ.
ന്യൂസിലാൻഡ് ആഭ്യന്തര ക്രിക്കറ്റ് ലീഗായ സൂപ്പർമാഷ് മത്സരത്തിലാണ് കളിക്കളത്തിൽ ആവേശം നിറച്ചുകൊണ്ട് ആറു സിക്സറുകൾ ലിയോ കാർട്ടർ നേടിയത്. കാന്റർബറി കിങ്സ്– നോർത്തേൺ നൈറ്റ് മത്സരത്തിനിടെയാണ് ലിയോ സിക്സ് മഴ പെയ്യിച്ചത്.
നോർത്തേൺ നൈറ്റ്‌സിന്റെ 220 എന്ന വിജയ ലക്‌ഷ്യം മറികടക്കാൻ കാന്റർബറി കിങ്സിന് അഞ്ച് ഓവറിൽ 64 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ലിയോ കാർട്ടർ കളിക്കളത്തിൽ എത്തിയത്. 16 ആം ഓവറിലെ എല്ലാ ബോളുകളും ലിയോ സിക്സറുകളാക്കി പറത്തി. അവസാന നാല് ഓവറിൽ ജയിക്കാൻ 28 പന്ത് എന്ന നിലയിലേക്ക് സ്കോർ നില ഭേദപ്പെട്ടു. പിന്നീട് 29 പന്തിൽ പുറത്താകാതെ 70 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് ലിയോ കളിക്കളം വിട്ടുപോയത്.