‘ലോന’ നമുക്ക് മുന്നിലുണ്ടായിരുന്നു അയാൾ… പക്ഷേ..? ശ്രദ്ധനേടി ഇന്ദ്രൻസ് ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഇന്ദ്രൻസിനൊപ്പം ശ്രീനിവാസന്‍, ഇര്‍ഷാദ്, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സുനില്‍ സുഖദ, പ്രശാന്ത് അലക്‌സ്, ദുര്‍ഗ്ഗാ കൃഷ്ണ, ലിയോണ ലിഷോയ്, വി.എം ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആനന്ദം ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന വസ്ത്രാലങ്കാരവിദഗ്ധനായി മലയാള സിനിമയുടെ ഭാഗമായെത്തിയ ഒരു ചെറിയ മനുഷ്യൻ പിന്നീട് മലയാള സിനിമയെ കൊണ്ടെത്തിച്ചത് ലോകസിനിമയുടെ നെറുകയിലാണ്…കുറച്ച് നാളുകളായി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറിയ വലിയ മനുഷ്യൻ. അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം ഇന്ദ്രൻസ് നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്…
ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ താരത്തെത്തേടി എത്തിയിരുന്നു. എന്തായാലും ഇന്ദ്രൻസിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.