കേന്ദ്ര കഥാപാത്രങ്ങളായി മമ്മൂട്ടിയും മഞ്ജു വാര്യരും; പുതിയ ചിത്രത്തിന് തുടക്കമായി

January 1, 2020

മലയാളികളുടെ രണ്ട് പ്രിയ താരങ്ങള്‍ ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് ഈ താരങ്ങള്‍. സിനിമയുടെ പൂജ കഴിഞ്ഞു. ചിത്രീകരണത്തിന് തുടക്കമായി. അതേസമയം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ഈ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ മാമാങ്കം എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, അനു സിത്താര, പ്രാചി തെഹ്ലാന്‍, കനിഹ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് മാമാങ്കത്തില്‍. ചരിത്ര പ്രസിദ്ധമായ മാമാങ്ക മഹോത്സവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിക്കുന്ന പ്രതി പൂവന്‍കോഴിയാണ് മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലന്‍ കഥാപാത്രമായും ചിത്രത്തിലെത്തുന്നു. അനുശ്രീ, ഗ്രേസ് ആന്റണി എന്നിവരും പ്രിതി പൂവന്‍കോഴിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.