‘എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ട്’; സഹോദരന്റെ സിനിമയെക്കുറിച്ച് മഞ്ജു വാര്യര്‍
മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യരെപ്പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് സഹോദരന്‍ മധു വാര്യരും. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍. വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയരംഗത്തു നിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. സിനിമയ്ക്ക് വേണ്ടിയുള്ള സഹോദരന്റെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. മധു വാര്യര്‍ സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണെന്നും എന്നാല്‍ സിനിമയില്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ അടുത്തറിഞ്ഞിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ചേട്ടന്റെ പല പ്രോജക്ടുകളും അവസാന ഘട്ടത്തില്‍ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കാണേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ നന്നായി സിനിമ ചെയ്യണമെന്ന ആഗ്രഹമാണ് മനസിലുള്ളത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
Read more: മുതുകില്‍ വീട് ചുമന്നു നടക്കുന്ന ഒച്ചുമനുഷ്യന്‍; അറിയാക്കഥ
അതേസമയം മധു വാര്യര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരോ ചിത്രത്തെ സംബന്ധിച്ച് മറ്റ് കൂടുതല്‍ വിവരങ്ങളോ പുറത്തെത്തിയിട്ടില്ല. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.’ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചുകൊണ്ടാണ് മധു വാര്യര്‍ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.