ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങള്‍; പുതിയ ചിത്രവുമായി മാര്ട്ടിന് പ്രക്കാട്ട്
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ഈ മാസം 11 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോലഞ്ചേരിയിലാണ് ഷൂട്ടിങ് ആരംഭിക്കുക. ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read more: കൗതുകം നിറച്ച് ‘അയ്യപ്പനും കോശിയും’ പോസ്റ്റര്‍
ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനവര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സംവിധായകന് രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന് പിക്ചേഴ്സും മാര്ട്ടിന് പ്രക്കാട്ട് ഫിലുംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം സിനിമയുടെ പേര് പുറത്തെത്തിയിട്ടില്ല. കോലഞ്ചേരിക്ക് പുറമെ, കൊടൈക്കനാല്‍, മൂന്നാര്‍, വട്ടവട, അടിമാലി എന്നിവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.