ഭാരതീയ തത്വങ്ങൾ ഉയർത്തിക്കാട്ടി നമോ; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ
ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നമോ’. കൃഷ്ണ കുചേല കഥയുടെ ഇതിവൃത്തത്തിലൂടെ നല്ല രാജാവും നല്ല പ്രജയും എന്തായിരിക്കണമെന്ന ഭാരതീയ തത്വസംഗിതകളെ സംസ്കൃതത്തിന്റെ തനത് രൂപത്തിൽ തന്നെ രേഖപ്പെടുത്തുന്ന ചിത്രം കൂടിയാണ് ‘നമോ’.
ചിത്രത്തിന് വേണ്ടിയുള്ള ജയറാമിന്റെ മേക്ക് ഓവറും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. തല മുണ്ഡനം ചെയ്ത് 20 കിലോ ഭാരം കുറച്ചാണ് താരം പുതിയ ചിത്രത്തിന് വേണ്ടി ഒരുങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
രണ്ട് പ്രാവശ്യം ഗിന്നസ് റെക്കോർഡും ഇന്ത്യൻ പനോരമ അംഗീകാരവും നേടിയ സംവിധായകനാണ് വിജീഷ് മണി. തന്റെ കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞതും വിലപ്പെട്ടതുമായ യത്നം തന്നെയായിരുന്നു ഈ സിനിമയുടെ പ്രവർത്തനമെന്ന് സംവിധായകൻ വിജീഷ് മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കലാകാരൻമാരുടെ കൂട്ടായ്മയിലാണ് നമോ പിറന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്. ലോകനാഥൻ ആണ്. അനൂപ് ജെലോട്ട സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം ചിത്രം ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. ചിത്രം ഉടൻ റിലീസ് ചെയ്യും.