കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്ത് നീരജ് മാധവ്‌: വീഡിയോ

January 24, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാറുള്ള ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന നീരജ് മാധവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു നീരജിന്റെ ഡാന്‍സ്.

നീരജ് മാധവന്‍ നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് നീരജ് കോളേജിലെത്തിയത്. നവാഗതനായ ആനന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് ഒരു നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ‘ഗൗതമന്റെ രഥം’ എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’.

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, കലാഭവന്‍ പ്രജോദ്, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.

https://www.facebook.com/ActorNeerajOfficial/videos/627637554667407/