പുതുവർഷ ദിനത്തിൽ ഹാട്രിക്കടിച്ച് ദുൽഖർ സൽമാൻ- 2020ന് ഗംഭീര തുടക്കം

ഓരോ വർഷവും ഓരോ പുതിയ പ്രതീക്ഷകളാണ്. നല്ലൊരു തുടക്കമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ദുൽഖർ സൽമാനെ സംബന്ധിച്ച് ഒരു ഗംഭീര വർഷം തന്നെയാണ് മുന്നിൽ. ഹാട്രിക് അടിച്ചാണ് താരം പുതുവർഷം തുടങ്ങിയത്.
മൂന്നു സന്തോഷങ്ങളാണ് ദുൽഖർ സൽമാന് പുതുവർഷ ദിനത്തിൽ പങ്കുവയ്ക്കാനുള്ളത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘സെക്കന്റ് ഷോ’യിലൂടെയാണ് ദുൽഖർ അരങ്ങേറ്റം കുറിച്ചത്. അതെ സംവിധായകന്റെ അടുത്ത ചിത്രമായ ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുതുവർഷ ദിനത്തിൽ എത്തിയിരിക്കുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കോളിളക്കം സൃഷ്ടിച്ച സംഭവം ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയോടും പ്രേക്ഷകർക്ക്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനാകുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ സൽമാൻ നിർമ്മാതാവായും നായകനായും എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി ,ശോഭന തുടങ്ങി പ്രതീക്ഷയുണർത്തുന്ന താരങ്ങൾ ഒട്ടേറെയാണ്. ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത് പുതുവർഷ ദിനത്തിൽ പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ്.

ദുൽഖർ സൽമാൻ നിർമാതാവായി തുടക്കം കുറിച്ച ചിത്രമാണ് ‘മണിയറയിലെ അശോകൻ’. ഗ്രിഗറി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതും പുതുവർഷ ദിനത്തിലാണ്. അനുപമ പരമേശ്വരനാണ് നായിക. അശോകനും ശ്യാമയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
