കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കില്ല; തീരുമാനത്തില്‍ അയവ് വരുത്തി ഒളിംപിക് അസോസിയേഷന്‍

January 1, 2020

2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അയവു വരുത്തി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കുകയും ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഷൂട്ടിങ് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഗെയിംസ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് നഗരമായ ബര്‍മിങ്ഹാം, ഓപ്ഷനല്‍ സ്‌പോട്ട് എന്ന ചട്ടം വഴിയാണ് ഷൂട്ടിങ്ങിനെ ഗെയിംസില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു ഇന്ത്യ.

2022-ല്‍ ബെര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. അതേസമയം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയതെന്നും ബര്‍മിങ്ഹാമിലേക്ക് മികച്ച താരങ്ങളെ ഇന്ത്യയില്‍ നിന്നും അയക്കുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

കൂടാതെ 2026 ലേയോ 2030ലോ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അതേസമയം 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍വെച്ചായിരുന്നു നടന്നത്. ഡല്‍ഹിയായിരുന്നു വേദി.