‘പട’ വെട്ടാൻ സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്

January 27, 2020

മലയാളികളുടെ പ്രിയതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മുകേഷ് ആർ മെഹ്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

അതേസമയം കുഞ്ചാക്കോ ബോബന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം അഞ്ചാം പാതിരായാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർ ഒന്നിക്കുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

https://www.facebook.com/Malayalammovieupdates2/photos/a.460653464144199/1239230799619791/?type=3&theater