മണിരത്നം മാജിക്കിൽ ജയറാമും; ‘പൊന്നിയിൻ സെൽവൻ’ ഉടൻ
സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. മണിരത്നത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകരും. ‘പൊന്നിയിൻ സെൽവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയറാമും വേഷമിടുന്നുണ്ട്. സിനിമയിൽ ജോയിൻ ചെയ്തതിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ജയം രവിക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ജയറാം പങ്കുവച്ചത്.
ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം, പാർത്ഥിപൻ, സത്യരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഒഴിവാക്കി. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Read more: ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങള്‍; പുതിയ ചിത്രവുമായി മാര്ട്ടിന് പ്രക്കാട്ട്
വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012-ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.
അതേസമയം മണിരത്നം ചിത്രം ‘ചെക്കാ ചിവന്ത വാന’ത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.