‘ആ നാൽപ്പത്തെട്ട്‍ മണിക്കൂർ എങ്ങനെ കടന്നു പോയെന്നു അറിയില്ല’- ഏറ്റവും ടെൻഷനടിച്ച സമയത്തെക്കുറിച്ച് പൃഥ്വിരാജ്
സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞുതന്നെയാണ് പൃഥ്വിരാജ് ജനപ്രിയനായി മാറിയത്. ഒട്ടേറെ വിമർശനങ്ങളെ അതിജീവിച്ച് ആഗ്രഹിച്ചതെല്ലാം സാവധാനം നേടിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്. ആരെയും കൂസാത്ത, ഭയമില്ലാത്ത പൃഥ്വിരാജ് ഏറ്റവും വിഷമിച്ച നിമിഷങ്ങളെക്കുറിച്ച് പങ്ക് വയ്ക്കുകയാണ്.
മകളുടെ ജനന സമയത്തതാണ് താൻ ഏറെ ടെൻഷനടിച്ചതെന്നു പൃഥ്വിരാജ് പറയുന്നു. ‘കുറച്ച് കോംപ്ലിക്കേഷന്‍സുണ്ടായിരുന്നു. അന്നത്തെ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും എന്റെ കൈയില്‍ നില്‍ക്കുന്നതല്ലല്ലോയെന്ന ആ സമയത്ത് ഞാന്‍ ഓര്‍ത്തു’. പൃഥ്വിരാജ് പറയുന്നു.
‘പെട്ടെന്ന് സങ്കടം വരുന്ന ആളാണ് ഞാന്‍. സിനിമ കണ്ട് കരയാറുണ്ട്. അധികമാര്‍ക്ക് മുന്നിലും ഞാന്‍ യഥാര്‍ത്ഥത്തിലുള്ള എന്നെ പുറത്തെടുക്കാറില്ല. മോള് കരഞ്ഞാല്‍ ഞാനും കൂടെക്കരയും. ഇരുപത്തെട്ടിന് അവളുടെ കാത് കുത്താന്‍ വന്നയാളിനെ ഓടിച്ചാലോയെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്’.
പെട്ടെന്നൊന്നും തന്നെ ആർക്കും ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ മകളെ ഭയമാണെന്നു കുസൃതിയോടെ പറയുകയാണ് താരം. മകളുടെ ജനന ശേഷം താൻ കുറച്ച് സോഫ്റ്റായതായും പൃഥ്വിരാജ് പറയുന്നു.