‘കുഞ്ഞു നീലന്‍ നീലനെ കണ്ടപ്പോള്‍…’; കൗതുകം നിറച്ച അടിക്കുറിപ്പും ‘റാം’ ലൊക്കേഷന്‍ ചിത്രങ്ങളും

January 23, 2020

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ചന്തുനാഥ് കഴിഞ്ഞ ദിവസം ‘റാം’ സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘റാം’. ചന്തുനാഥും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

കഴിഞ്ഞദിവസം ചന്തുനാഥിന്റെ കുടുംബവും റാം ലൊക്കേഷനില്‍ എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം ചിത്രങ്ങളും പകര്‍ത്തി. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചന്തുനാഥ് ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. ‘നീലന്‍ നീലനെ കണാനെത്തിയപ്പോള്‍’ എന്നാണ് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ഈ അടിക്കുറിപ്പിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ചന്തുനാഥിന്റെ മകന്റെ പേരാണ് നീലന്‍ എന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ദേവാസുരത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും നീലന്‍ എന്നാണ്, അഥവാ നീലകണ്ഠന്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ചന്തുനാഥ് മകന് നല്‍കിയ പേരും നീലന്‍ എന്നാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ‘നീലന്‍ നീലനെ കണ്ടപ്പോള്‍’ എന്ന അടിക്കുറിപ്പ് ചന്തുനാഥ് ചിത്രത്തിന് നല്‍കിയത്.

Read more: ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ഒരുങ്ങുന്നു

അതേസമയം ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് ‘റാം’. 2020 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.