ഇതാണ് റാഷിദിന്റെ ഒട്ടകബാറ്റ്; കളിക്കളത്തിൽ താരമായി പുതിയ ബാറ്റ്

January 3, 2020

ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. റാഷിദിന്റെ ഓരോ പ്രകടനവും ഗ്യാലറിയിൽ ആവേശം നിറയ്ക്കാറുണ്ട്. ഇന്ത്യയിലുണ്ട് ഈ താരത്തിന് നിരവധി ആരാധകർ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് റാഷിദ് ഖാന്റെ ബാറ്റ്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ നടന്ന ബിഗ് ബാഷ് ട്വന്റി20 യിലാണ് സ്പെഷ്യൽ ബാറ്റുമായി താരം കളിക്കളത്തിൽ ഇറങ്ങിയത്. ആദ്യ കാഴ്ചയിൽ ഒരു ഒട്ടകത്തോട് സാമ്യം തോന്നുന്ന രീതിയിലാണ് റാഷിദിന്റെ ബാറ്റ്.

അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടിയാണ് കളിക്കളത്തിൽ താരം ബാറ്റുമായി ഇറങ്ങിയത്. സിഡ്‌നി റെനഗേറ്റ്സിനെതിരെ പതിനാറ് പന്തിൽ നിന്നും രണ്ടു സിക്‌സും രണ്ടു ഫോറും ഉൾപ്പെടെ 25 റൺസും നേടി.

റാഷിദ് ഖാന്റെ പുതിയ ബാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒട്ടകബാറ്റ് എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്.