മമ്മൂട്ടി ചിത്രം ഷൈലോക്കിന് ആ പേരുവന്നതിങ്ങനെ
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. മാസ് എന്റര്ടെയ്നര് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ജനുവരി 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
അതേസമയം ചിത്രത്തിന് ഷൈലോക്ക് എന്ന പേരു വന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് അജയ് വാസുദേവ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്സ്പിയര് കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം.
ബോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്നക്കാരനാകുന്നു. അതുകൊണ്ടാണ് അയാളെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നതെന്നും ആ വിളിപ്പേരാണ് സിനിമയുടെ ടൈറ്റിലായതെന്നും സംവിധായകന് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന് രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.
Read more: അല്ലു അര്‍ജുനൊപ്പം ജയറാമും; ‘അല വൈകുണഠപുരംലോ’ മേക്കിങ് വീഡിയോ
ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന് രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്.