ഹാമില്‍ട്ടണില്‍ സൂപ്പര്‍ ഓവര്‍ എറിയാന്‍ ബുംറയെ തിരഞ്ഞെടുത്തത് എന്തിനെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ്മ
ഹാമില്‍ട്ടണില്‍ നടന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. ഇരു ടീമുകളും സമനിലയിലെത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ ആയിരുന്നു. വിജയിയെ നിര്‍ണയിച്ചത്. ജസ്പ്രീത് ബുംറ ആയിരുന്നു സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്.
എന്തുകൊണ്ടാണ് സൂപ്പര്‍ ഓവര്‍ എറിയാന്‍ ബുംറയെ തിരഞ്ഞെടുത്തത്…? മിക്ക ക്രിക്കറ്റ് ആരാധകരുടെയും സംശയമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
Read more: കൊറോണ: ആഗോള അടിയന്തരാവസ്ഥ; ചൈനയില്‍ മരണം 213, കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം
“സൂപ്പര്‍ ഓവറില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അധികം സമയം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ബൗളിങ്ങിലെ സുപ്രധാന താരമാണ് ജസ്പ്രീത് ബുംറ. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെയെങ്കിലും സൂപ്പര്‍ ഓവര്‍ എറിയാന്‍ അയച്ചാലോ എന്ന ആശയക്കുഴപ്പവുമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സ്ഥിരതയോടെ പന്തെറിയുന്നതോ യോര്‍ക്കറുകള്‍ എറിയുന്നതോ ആയ താരവുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനിച്ചത്. അങ്ങനെ സൂപ്പര്‍ ഓവര്‍ എറിയാന്‍ ബുംറയെ തിരഞ്ഞെടുത്തു”. രോഹിത് ശര്‍മ്മ പറഞ്ഞു.
“ആ ദിവസം ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയവരെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. 60 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരുന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് പകരം ശ്രേയസ് അയ്യരോ മറ്റാരെങ്കിലുമോ ഇറങ്ങുമായിരുന്നു”. രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.