കൊറോണ: ആഗോള അടിയന്തരാവസ്ഥ; ചൈനയില്‍ മരണം 213, കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം

January 31, 2020

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം. കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ചൈനയ്ക്ക് പുറമെ 19-ഓളം രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജര്‍മനി, ജപ്പാന്‍, വിയറ്റ്‌നാം, യുഎസ് എന്നിവിടങ്ങളിലും വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതായും കണ്ടെത്തി. കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീഷണിയായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.