ഐസിസി പുരസ്കാരം: ഏകദിന ക്രിക്കറ്റിലെ താരമായി രോഹിത് ശര്‍മ്മ, കോലിക്കും അംഗീകാരം
2019 വര്‍ഷത്തെ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് ആണ് ‘ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍’ പുരസ്കാരം സ്വന്തമാക്കിയത്. 2019 ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പ്രകടനമാണ് ബെന്‍ സ്റ്റോക്സ് കാഴ്ചവെച്ചത്. അതേസമയം ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം രോഹിത് ശര്‍മ്മ സ്വന്തമാക്കി.
ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരവും ലഭിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയതാണ് വിരാട് കോലിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ 2019 വര്‍ഷത്തെ ഐസിസിയുടെ ഏകദിന ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനവും കോലിക്കാണ്. അതേസമയം ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ആണ് ടെസ്റ്റ് ക്രിക്കറ്റിലെ താരം. ഇന്ത്യന്‍ താരം ദീപക് ചാഹറാണ് ടി-20 ക്രിക്കറ്റിലെ മികച്ച താരം. എമര്‍ജിങ് ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലീബുഷെയ്നാണ് സ്വന്തമാക്കിയിരിക്കുന്നത്.
Read more: മരണത്തപ്പോലും നേരിടേണ്ടിവരുന്ന ധീരതയുള്ള ഹീറോസ്; ഇന്ന് ദേശീയ കരസേന ദിനം
അതേസമയം ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും ബെന്‍ സ്റ്റോക്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയതും. ഏകദിന ലോകകപ്പ് ഫൈനലില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സ് താരമായിരുന്നു. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ബെന്‍ സ്റ്റോക്സിന്റെ പ്രകടനം തുണയായി. പുരസ്കാരത്തിനായി പരിഗണിച്ച കാലയളവില്‍ 20 ഏകദിനങ്ങളില്‍ നിന്നായി 719 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സ് മികച്ച ഓള്‍റൗണ്ടര്‍ പ്രകടനമാണ് കാഴ്ചവെച്ചത്.