‘ഇതാണ് അള്‍ട്ടിമേറ്റ് പുച്ഛം’; മുഖചിത്രമുള്ള സ്റ്റിക്കര്‍ പങ്കുവെച്ച് സൈജു കുറുപ്പ്

January 1, 2020

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടന്‍ സൈജു കുറുപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘അള്‍ട്ടിമേറ്റ് പുച്ഛം’ എന്ന് എഴുതിയ സ്വന്തം മുഖചിത്രമുള്ള വാട്‌സ്ആപ്പ് സ്റ്റിക്കറിന്റെ ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

2005-ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം അരങ്ങേറ്റംകുറിയ്ക്കുന്നത്. ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.

ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറുപ്പിന്റെ കഥാപാത്രം വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലും സൈജു കുറുപ്പ് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജീന്‍പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നതും.

https://www.instagram.com/p/B6uIpvCl6tn/?utm_source=ig_web_copy_link