തമിഴിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങി സർജാനോ ഖാലിദ്; ആദ്യ ചിത്രം വിക്രത്തിനൊപ്പം
ജൂൺ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സർജാനോ ഖാലിദ്. ഇപ്പോഴിതാ താരത്തിന്റെ തമിഴ് അരങ്ങേറ്റത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആദ്യ ചിത്രം നടൻ ചിയാൻ വിക്രത്തിനൊപ്പമാണ്. സർജാനോ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിയാൻ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം താരത്തിന്റെ 58 മത്തെ ചിത്രമാണ്. 7 സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, ശ്രീനിധി ഷെട്ടി, മൃണാളിനി രവി, കനിഹ, ലാൽ, പത്മപ്രിയ, ബാബു ആന്റണി, റോബോ ശങ്കർ എന്നിവരുംചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാനാണ്.
അതേസമയം വിക്രമിന്റെതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് മഹാവീർ കർണ. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ആർ എസ് വിമലാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾക്ക് പുറമെ 32 ഭാഷകളിൽ ഡബ്ബ് ചെയ്യുമെന്നും വിമൽ നേരത്തെ പറഞ്ഞിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിർമ്മിക്കുന്നത്.