രണ്ടാം ഏകദിനത്തിൽ ഓസീസിനെതിരെ മികച്ച സ്‌കോർ നേടി ഇന്ത്യ- നയിച്ചത് ധവാൻ-കോലി- രാഹുൽ സഖ്യം

January 17, 2020

ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച സ്‌കോർ നേടി ഇന്ത്യ. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എടുത്തതാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തിയത്. ഇന്ത്യൻ നിരയിലെ ഉയർന്ന സ്കോർ നേടിയത് ശിഖർ ധവാൻ(96)ആണ്. വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും മികച്ച ഇന്നിംഗ്സ് ഇന്ത്യക്ക് തുണയായി.

നല്ല തുടക്കം തന്നെയായിരുന്നു ഇന്ത്യയുടേത്. ശിഖർ ധവാന്റെയും രോഹിത് ശര്മയുടെയും ഓപ്പണിങ് ഗംഭീരമായി. എന്നാൽ 42 റൺസെടുത്ത രോഹിത് ശർമയെ സാംബ പുറത്തക്കുകയായിരുന്നു.

പിന്നീട് ഇറങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോലി 78 റൺസാണ് എടുത്തത്. ആദ്യ ഏകദിനത്തിൽ വിരാട് കോലിയെ വീഴ്ത്തിയ സാംബ തന്നെയാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യൻ നായകനെ പുറത്താക്കിയത്. സെഞ്ചുറിക്ക് അടുത്ത് 96 റൺസോടെ ധവാനും പുറത്തായതോടെ ഇന്ത്യ ആശങ്കയിലായിരുന്നു.

ഏഴു റൺസിൽ ശ്രേയസ് അയ്യരും പുറത്തായതോടെ കെ എൽ രാഹുലിന്റെ മികവിലാണ് ഇന്ത്യ കുതിച്ചു പാഞ്ഞത്. മികച്ച ഇന്നിംഗ്സിലൂടെ സ്കോർ നില മുന്നൂറു കടക്കാൻ രാഹുലിന്റെ പ്രകടനം സഹായിച്ചു. വളരെ വേഗമാണ് രാഹുൽ അർദ്ധ സെഞ്ചുറി തികച്ചത്. 80 റൺസ് നേടി റൺഔട്ടിലൂടെയാണ് കെ എൽ രാഹുൽ പുറത്തായത്. രവീന്ദ്ര ജഡേജ 20 റൺസ് എടുത്തു.

Read More:ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനം; പ്രതീക്ഷയോടെ ഇന്ത്യ

മൂന്നു ഏകദിന മത്സരങ്ങൾ അടങ്ങിയ മത്സരത്തിൽ ഓസിസ് ടീം ആണ് മുന്നിട്ട് നിൽക്കുന്നത്. 1-0 എന്ന നിലയിലാണ് സ്കോർ. ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഓസിസ് ജയമുയർത്തിയത്.