എങ്ങനെ കയ്യടിക്കാതിരിക്കും കുട്ടിപ്പടയുടെ ഈ ഫ്രീ കിക്കിന്…

January 23, 2020

കായികപ്രകടനങ്ങള്‍ പലപ്പോഴും ആവേശം നിറയ്ക്കാറുണ്ട് കണ്ടുനില്‍ക്കുന്നവരിലും. കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ ആവേശം നിറയ്ക്കുകയാണ് ഒരു കുട്ടിക്കൂട്ടം. മലപ്പുറം നിലമ്പൂരിലെ പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ പ്രത്യുഷ്, അസ്ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നീ കുട്ടികളാണ് വീഡിയോയിലെ താരങ്ങള്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ കണ്ടുവരാറുള്ള ഫ്രീ കിക്കിന് സമാനമായ ഒരു ഫ്രീ കിക്ക് ആണ് ഈ മിടുക്കന്മാരെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ എല്ലാം ട്രെന്‍ഡിങ് ആണ് ഇപ്പോഴും ഈ കുട്ടിക്കൂട്ടത്തിന്റെ ഫ്രീ കിക്ക് വീഡിയോ.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. മുന്‍ ജര്‍മനി താരം ലോതര്‍ മത്യാസും ലിവര്‍പൂള്‍ താരം ഷെര്‍ദാര്‍ ഷാഭിരിയുമെല്ലാം കൈയടിച്ചു ഈ പ്രകടനത്തിന് മുമ്പില്‍.

പൊടിമണ്ണു നിറഞ്ഞ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു കുട്ടിപ്പടയുടെ ഈ കിടിലന്‍ പ്രകടനം. അതും കാലില്‍ ഷൂവിന്റേയോ ചെരുപ്പിന്റെയോ ഒന്നും അകമ്പടിയില്ലാതെ. എന്തായാലും സൈബര്‍ലോകം നിറഞ്ഞു കൈയടിക്കുകയാണ് ഈ ഫ്രീ കിക്കിന്.