‘അഭിനയിച്ച സിനിമകൾ കാണാറില്ല; ഗോകുലിന്റെ ആദ്യ സിനിമയും കണ്ടിട്ടില്ല’- സുരേഷ് ഗോപി
മലയാള സിനിമയുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അച്ഛൻ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും ചുവട് മാറ്റിയപ്പോൾ മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് സജീവമാകുകയും ചെയ്തു. ഇപ്പോൾ തന്റെയും മകന്റെയും സിനിമകളെക്കുറിച്ച് പറയുകയാണ് സുരേഷ് ഗോപി.
‘അഭിനയിച്ച പഴയ സിനിമകൾ കാണാറില്ല. എന്തിനാണ് സ്വന്തം സിനിമ വന്നാൽ ചാനൽ മാറ്റുന്നതെന്നു രാധിക ചോദിക്കാറുണ്ട്. എന്തോ, വീണ്ടും കാണാൻ ഇഷ്ടമില്ല. അകൽച്ചയൊന്നുമില്ല. എന്നാൽ പഴയ ഹിന്ദി, തമിഴ് ചിത്രങ്ങൾ കാണാറുണ്ട്’.
ഗോകുൽ സുരേഷ് ആദ്യമായി അഭിനയിച്ചത് മുത്തുഗൗ എന്ന ചിത്രത്തിലാണ്. ഇപ്പോൾ ഉൾട്ട എന്ന സിനിമ വരെ എത്തി നിൽക്കുകയാണ് ഗോകുലിന്റെ അഭിനയ ജീവിതം. പക്ഷെ മകന്റെ ആദ്യ ചിത്രം പോലും കണ്ടിട്ടില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്.
‘ഗോകുലിന്റെ ആദ്യ സിനിമ ഇതുവരെ കണ്ടിട്ടില്ല. എനിക്കെന്തോ കാണാൻ തോന്നിയിട്ടില്ല. കണ്ടു കഴിഞ്ഞാൽ എന്തെങ്കിലും വിമർശിക്കേണ്ടി വരുമോ എന്ന് പേടിയുണ്ട്. അവന്റെ അഭിനയത്തിൽ പോരായ്മ ഉണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാം. എനിക്ക് അതൊന്നുംഇഷ്ടമല്ല. അവൻ അവന്റെ വഴിക്ക് വളരട്ടെ’- സുരേഷ് ഗോപി പറയുന്നു.