‘സിനിമയിൽ ശോഭനയുള്ളത് എന്നിലെ നടന് ഊര്‍ജ്ജം പകര്‍ന്നു’- സുരേഷ് ഗോപി

January 6, 2020

മലയാളികളുടെ പ്രിയ ജോഡിയാണ്‌ സുരേഷ് ഗോപിയും ശോഭനയും. വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റു താരങ്ങൾ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഓരോ താരങ്ങളും വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്.

ശോഭനയും സുരേഷ് ഗോപിയും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കാലങ്ങൾക്കിപ്പുറം വീണ്ടും അഭിനയിക്കുമ്പോൾ ആ എക്സൈറ്റ്മെന്റ്റ് സുരേഷ് ഗോപി മറച്ച് വയ്ക്കുന്നില്ല.

‘കഥ കേട്ടപ്പോള്‍ അപ്പുറത്ത് ശോഭനയുള്ളത് എന്നിലെ നടന് ഊര്‍ജ്ജം പകര്‍ന്നു. ‘മണിച്ചിചിത്രത്താഴി’ല്‍ നകുലന്റെയും ഗംഗയുടെയും ഇമോഷന്‍സ് ഉണ്ട്. ‘സിന്ദൂരരേഖ’യില്‍ രോഗിയായ ഭാര്യയ്ക്ക് വേണ്ടി ജീവിക്കുന്ന ഭര്‍ത്താവിനെ കാണാം. ‘കമ്മിഷണറി’ല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ക്കൊപ്പം നില്‍ക്കുന്ന വക്കീലാണ് ശോഭന’.സുരേഷ് ഗോപി പറയുന്നു.

2005ൽ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും ഒടുവിലായി ഒന്നിച്ചഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന.

Read More:ഒടുവില്‍ ആ ചിത്രത്തിന്റെ പേരെത്തി; ‘വരനെ ആവശ്യമുണ്ട്’

2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.