ചാക്കോച്ചന്റെ ‘അഞ്ചാം പാതിരാ’യ്ക്ക് പിന്നാലെ ത്രില്ലർ ചിത്രവുമായി ജയസൂര്യ; ‘അന്വേഷണം’ ഉടൻ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാം പാതിരാ. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന് പിന്നാലെ ജയസൂര്യയുടെ അന്വേഷണവും അണിയറയിൽ ഒരുങ്ങുകയാണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രവും മികച്ച സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇ ഫോര്‍ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. ഫാമിലി ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം തയാറാക്കുന്നത്.
ആകാംഷയും ഭീതിയും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രശോഭ് വിജയന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ‘ലില്ലി’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ലില്ലി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയായിരുന്നു ചിത്രത്തിന്റെ മുഖ്യ പ്രമേയം. സംവൃത മേനോനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്.
ജയസൂര്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ‘തൃശൂർ പൂരം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും.