പിറന്നാള്‍ നിറവില്‍ ടൊവിനോ
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ താരത്തിന് സാധിക്കുന്നു. പിറന്നാള്‍ നിറവിലാണ് ടൊവിനോ ഇന്ന്. ആരാധകരും ചലച്ചിത്ര രംഗത്തുള്ളവരുമടക്കം നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.
‘ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ…’ എന്ന അടിക്കുറിപ്പു ചേര്‍ത്ത് ടൊവിനോയുടെ രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആശംസ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വൈറസ്’ എന്ന ചിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും ഫോട്ടോയ്‌ക്കൊപ്പം പൂര്‍ണിമ ചേര്‍ത്തിട്ടുണ്ട്.
ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതും ഇന്നാണ്. ജിയോ ബേബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിക്കുന്നത്. ട്രാവല്‍ മൂവി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായാണ് ടൊവിനോ എത്തുക. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Read more: ‘ഇൻ ഇന്ത്യ എവരി ഹോം വൺ വാത്സല്യം മമ്മൂട്ടി ഷുവർ’; ഹൃദയംതൊട്ട് ടൊവിനോ ചിത്രത്തിന്റെ ടീസർ
ടൊവിനോ തോമസിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2012- ല്‍ തിയേറ്ററുകളിലെത്തിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ ചലച്ചിത്ര പ്രവേശനം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, ലൂസിഫര്‍, ഉയരെ, കല്‍ക്കി, വൈറസ്, ലൂക്ക, എടക്കാട് ബറ്റാലിയന്‍ 06 ഇങ്ങനെ നീളുന്നു ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍.