അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്; 41 റൺസിന് ജപ്പാൻ ഓൾ ഔട്ട്, ഇന്ത്യയ്ക്ക് ജയം
അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ രണ്ടാം ജയം തേടി കളിക്കളത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച വിജയം. ഇന്ത്യക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 41 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലും കാർത്തിക് ത്യാഗി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിംഗ് (2), വിദ്യാധർ പാട്ടിൽ (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് നേട്ടം.
ടോസ് നേടിയ ഇന്ത്യ ജപ്പാനെ ഫീൽഡിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതൽ പാളിച്ചകളോടെയാണ് ജപ്പാൻ കളിക്കളത്തിൽ എത്തിയത്. അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രം സ്കോർ ബോർഡിൽ ഉണ്ടായിരിക്കെ ജപ്പാന്റെ ആദ്യ വിക്കറ്റ് വീണു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.
അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 207 റൺസ് നേടാനെ കഴിഞ്ഞുള്ളു.