ആരാധകന്റെ വിയോഗത്തിൽ മനം നൊന്ത് ഉണ്ണി മുകുന്ദൻ

January 1, 2020

ആരാധകരുമായി അടുപ്പം കാത്ത് സൂക്ഷിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കു വയ്ക്കുകയും അവർക്കായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ഉണ്ണി. അതിനാൽ തന്നെ ഉണ്ണിയെ വളരെയധികം വേദനിപ്പിച്ച വാർത്തയാണ് ആരാധകന്റെ മരണം.

ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകനായ കുക്കു ആണ് അപകടത്തെ തുടർന്ന് മരണപ്പെട്ടത്. ആരാധകന്റെ മരണം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ;

‘പ്രിയപ്പെട്ട കുക്കു, റെസ്റ്റ് ഇൻ പീസ്, സഹോദരാ.. നിന്നെ തീർച്ചയായും എനിക്ക് മിസ് ചെയ്യും. നീ വളരെ മികച്ചൊരാളായിരുന്നു , മാത്രമല്ല നിന്റെ ഓരോ സന്ദേശങ്ങളും എന്നെ തന്നെ നല്ലൊരു വ്യക്തി ആക്കിമാറ്റാൻ ഒരുപാട് സഹായിച്ചു.

കുക്കു ഇന്ന് വെളുപ്പിനെ 2 മണിക്ക് ഒരു ആക്സിഡൻറ്റിൽ മരണപ്പെട്ടു. എനിക്ക് അറിയാൻ സാധിച്ചത് കുക്കു ഹെൽമെറ്റ് ഇല്ലാതെയാണ് വാഹനം ഓടിച്ചത് എന്നാണ്. അതിനാൽ എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ദയവു ചെയ്ത് സുരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കരുത്. പുതുവർഷ രാവാണെന്നു അറിയാം. പക്ഷെ നമുക്കെല്ലാം ജീവിതകാലം മുഴുവൻ സാക്ഷാത്‍കരിക്കാനായി മുൻപിൽ ഒരുപാട് സ്വപ്നങ്ങളുണ്ട്’.

Read More:അടയ്ക്ക കൊണ്ട് മാജിക്കുമായി സൗബിന്‍; ലൊക്കേഷനിലെ ചില ചിരി കാഴ്ചകള്‍

പുതുവർഷാഘോഷങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങളും മരണവും പതിവാണ്. ആരാധകന്റെ വിയോഗം പങ്കുവെച്ച് നല്ലൊരു സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ച ഉണ്ണി മുകുന്ദന് കയ്യടിക്കുകയാണ് എല്ലാവരും.

ആൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്‌&വെൽഫയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്നു കൃഷ്ണകുമാർ എന്ന കുക്കു. അനുസിത്താരയും അനുശോചനം അറിയിച്ചിരുന്നു.