ജനഹൃദയങ്ങളേറ്റെടുത്ത ഫ്ളവേഴ്‌സ് ‘ഉപ്പും മുളകും’ സംവിധായകന്‍റെ ആദ്യ സിനിമ ഒരുങ്ങുന്നു; ചരിത്രംകുറിച്ചുകൊണ്ട് ചിത്രത്തിന്‍റെ ലോഞ്ച്

January 16, 2020

ഉപ്പും മുളകും എന്ന വാക്ക് അടുക്കളയില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി, ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരിപാടിയിലൂടെ. അത്രമേല്‍ ജനസ്വീകാര്യതയുണ്ട് ഈ പരിപാടിക്ക്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി കലര്‍ത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യവിരുന്ന് സമ്മാനിച്ച ‘ഉപ്പും മുളകും’ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു ചലച്ചിത്ര സംവിധായകനാകുന്നു.

ജനുവരി 17-ന് (നാളെ) ആണ് സിനിമയുടെ ലോഞ്ച്. അതേസമയം മലയാള സിനിമാരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ആഫ്രിക്കയില്‍ നിന്നുള്ള ആറ് മന്ത്രിമാര്‍ ഗ്രാന്‍ഡ് ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തും. നാളെ രാവിലെ 9 മണിക്ക് എറണാകുളം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് ചിത്രത്തിന്റെ ലോഞ്ച്. ചിത്രത്തിന്റെ പൂജയും ഇതോടനുബന്ധിച്ച് നടക്കും.

ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ചിത്രീകരണം.

സംവിധായകന്‍ എസ് ജെ സിനുവിന്റേതാണ് ചിത്രത്തിന്റെ കഥ. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി ഡി ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. കൈതപ്രത്തിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജെ സിനുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചലച്ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

https://www.facebook.com/photo.php?fbid=10221866143309534&set=a.1671958445606&type=3&theater