‘വരനെ ആവശ്യമുണ്ട്’; ആദ്യഗാനത്തിന്റെ ഭാഗമായത് അഞ്ച് ‘മക്കള്‍ താരങ്ങളും’
പ്രഖ്യാപനം മുതല്ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവായും എത്തുന്നതാണ് ഈ ചിത്രം. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
അതേസമയം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ നീ വാ എന്‍ ആറുമുഖാ.. എന്നു തുടങ്ങുന്ന വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതും. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ഗാനത്തിന്. മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയരായ അഞ്ച് പേരുടെ മക്കള്‍ അണി ചേര്‍ന്നിരിക്കുന്നു ഈ രംഗത്ത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും അനൂപ് സത്യനും പുറമെ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ മകന് സര്‍വജിത്തും ഗായകന് ജി വേണു ഗോപാലിന്റെ മകന് അരവിന്ദും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു.
Read more: ദീപിക പദുക്കോണ്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായത് ഇങ്ങനെ; ‘ഛപാക്’ മേക്കിങ് വീഡിയോ
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. താരം നായികയായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതേസമയം സുരേഷ് ഗോപിയുടെയും ശോഭനയുടെയും മടങ്ങിവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.
2016-ല്‍ വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 -ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.