ഒടുവില്‍ ആ ചിത്രത്തിന്റെ പേരെത്തി; ‘വരനെ ആവശ്യമുണ്ട്’

January 1, 2020

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കേ പ്രതീക്ഷയര്‍പ്പിച്ചതാണ് പ്രേക്ഷകര്‍. മലയാളത്തിന് ഒട്ടേറ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിന്റെ പേര് പുറത്തുവന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന.

‘ഒട്ടേറെ പ്രത്യേകതയുള്ള ഒരു ചിത്രത്തിന്റെ ഏറെ സ്‌പെഷലായ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഈ ദശാബ്ദത്തിലേക്ക് കടക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രം മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ്.’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Kicking off this decade with a truly special poster of a truly special film. The movie Varane Avashyamundu is a Wayfarer…

Posted by Dulquer Salmaan on Wednesday, 1 January 2020

ദുല്‍ഖറിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.

2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.